തിരുവനന്തപുരം: രഞ്ജിട്രോഫി ക്രിക്കറ്റിൽ കിരീടം ലക്ഷ്യമിട്ട് കേരളാ ടീമിൽ അഴിച്ചുപണി. സൂപ്പർ താരങ്ങളായ ജലജ് സക്സേനയും ആദിത്യ സർവതെയും വീണ്ടും ടീമിലെത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. 2024-25 സീസണിൽ കേരളത്തെ ഫൈനലിലെത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ഇരുവരും വ്യക്തിപരമായ കാരണങ്ങളാൽ കഴിഞ്ഞ വർഷം ടീം വിട്ടുപോയിരുന്നു.
കഴിഞ്ഞ സീസണിൽ ജലജ് സക്സേന മഹാരാഷ്ട്രയ്ക്കും ആദിത്യ സർവതെ ഛത്തീസ്ഗഡിനുമാണ് കളിച്ചിരുന്നത്. എന്നാൽ ഈ സീസണിൽ വീണ്ടും കേരളത്തിനായി പാഡണിയാൻ ഇരുവരും സന്നദ്ധത അറിയിക്കുകയായിരുന്നു. അതേസമയം പുതിയ സീസണിൽ കേരള സീനിയർ ടീമിനെ വിഷ്ണു വിനോദ് നയിക്കാനാണ് സാധ്യത.
കഴിഞ്ഞ രഞ്ജി സീസണിന്റെ അവസാന മത്സരങ്ങളിലും വിഷ്ണു തന്നെയായിരുന്നു ടീമിനെ നയിച്ചത്. സഞ്ജു സാംസൺ ലഭ്യമാകുന്ന മത്സരങ്ങളിലെല്ലാം കേരളത്തിനായി കളത്തിലിറങ്ങും. കേരളത്തെ ആദ്യമായി രഞ്ജി ട്രോഫി സെമിഫൈനലിലും ഫൈനലിലും നയിച്ച മുൻ ക്യാപ്റ്റൻ സച്ചിൻ ബേബി ഉൾപ്പെടെയുള്ള മറ്റ് പ്രധാന സീനിയർ താരങ്ങളും ടീമിൽ അണിനിരക്കും.